ജലം

Share it:

ശാസ്ത്രജ്ഞന്മാര്‍ ഭൂമിയിലൊഴികെ ഇതര ഗ്രഹങ്ങളിലെവിടെയെങ്കിലും ജീവനുണ്ടോ എന്നന്വേഷിക്കുന്നത് അവിടെ ജലകണികകളുണ്ടോ എന്ന അന്വേഷണത്തോടെയാണ്. ജലമുണ്ടെങ്കില്‍ ജീവനുണ്ടെന്നര്‍ഥം. ജലമില്ലാതെ ജീവന്‍ നിലനില്‍ക്കില്ല. ഭൂമിയെ നീലഗ്രഹം എന്നു വിളിക്കുന്നത് ജലസാന്നിധ്യംകൊണ്ടാണ്. ജീവന്‍െറ ഉല്‍പത്തി, വികാസം, പരിരക്ഷണം തുടങ്ങിയവയെല്ലാം വെള്ളത്തെ ആശ്രയിച്ചാണ്. പ്രാണവായു കഴിഞ്ഞാല്‍ ജീവജാലങ്ങളുടെ നിലനില്‍പിന്‍െറ അടിസ്ഥാനം വെള്ളമാണ്. ജലാധിഷ്ഠിതമായ ഒരു ആവാസവ്യവസ്ഥയാണ് ഭൂമിക്കുള്ളത്. ചെറുതും വലതുമായ ജീവനുള്ള പ്രകൃതിയിലെ എല്ലാം ഈ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണ്, വായു, സസ്യങ്ങള്‍, ജന്തുക്കള്‍, പറവകള്‍, സൂക്ഷ്മജീവികള്‍ എന്നിവയുടെയെല്ലാം നിലനില്‍പ് വെള്ളവുമായി ബന്ധപ്പെട്ടാണ്. പ്രകൃതിസംവിധാനത്തിലും മൂലകങ്ങളുടെ ജൈവരാസ ചാക്രികഗതികളിലും വെള്ളം നിര്‍ണായകമാണ്. കാലാവസ്ഥാ നിര്‍ണയത്തിലും പ്രകൃതിസംവിധാനത്തിലും വെള്ളം അത്യാവശ്യമാണെന്നര്‍ഥം.
ദിവസവും മനുഷ്യന് രണ്ടു ലിറ്റര്‍ മുതല്‍ മൂന്നു ലിറ്റര്‍വരെ ജലം ശരീരത്തിന് ആവശ്യമാണ്. ഭക്ഷണം ലഭിക്കാതെ നമുക്ക് അഞ്ചാഴ്ച പിടിച്ചുനില്‍ക്കാനാവുമെങ്കില്‍ ജലമില്ലാതെ അഞ്ചു ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കാനാവില്ല. മനുഷ്യശരീരത്തില്‍ എപ്പോഴും 35 മുതല്‍ 50 വരെ ലിറ്റര്‍ ജലം നില്‍ക്കുന്നു. പൂര്‍ണവളര്‍ച്ചയെത്തിയ ഒരാളുടെ ശരീത്തില്‍ 70 ശതമാനവും വെള്ളമാണ്. ശരീരത്തില്‍ ജലത്തിന്‍െറ ഒരു ശതമാനത്തിന്‍െറ കുറവുണ്ടാവുമ്പോഴേക്കും നമുക്ക് ദാഹിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ ശരീരം നിര്‍ജലീകരണത്തിന് വിധേയമാകും. ഇത് പല രോഗങ്ങള്‍ക്കും കാരണമാകും.
ഇത്രയധികം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മറ്റൊരു വിഭവമുണ്ടോ? കുടിക്കാന്‍, കുളിക്കാന്‍, ഭക്ഷണം പാകംചെയ്യാന്‍, അലക്കാന്‍, ശുദ്ധീകരിക്കാന്‍, ശ്വസനം, ദഹനം, വിസര്‍ജനം, താപനില നിയന്ത്രണം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, കൃഷി, ജലസേചനം, ഗതാഗതം, വ്യവസായം, മാലിന്യനിര്‍മാര്‍ജനം, ഊര്‍ജോല്‍പാദനം തുടങ്ങി എല്ലാറ്റിനും ജലം കൂടിയേ കഴിയൂ.
നിറമോ ഗന്ധമോ പ്രത്യേകമായ രുചിയോ ഇല്ലാത്ത സുതാര്യമായ ഒരു ദ്രാവകമാണ് വെള്ളം. ഖര, ദ്രാവക, വാതക രൂപങ്ങളെല്ലാം സ്വീകരിക്കാന്‍ കഴിവുള്ള മായാജാലക്കാരന്‍. വെള്ളം താഴോട്ട് ഒഴുകുന്നതുപോലെ ആവിയായി മേലോട്ടും സഞ്ചരിക്കും. അതിര്‍ത്തികള്‍ വകവെക്കാതെ എങ്ങോട്ടും പരന്നൊഴുകും. 100 ഡിഗ്രി സെന്‍റിഗ്രേഡില്‍ തിളക്കുകയും പൂജ്യം ഡിഗ്രി സെന്‍റിഗ്രേഡില്‍ തണുത്ത് ഐസാവുകയും ചെയ്യും.
സമുദ്രത്തിലൂടെയും കരയിലൂടെയും അന്തരീക്ഷത്തിലൂടെയും ജലം എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ചാക്രികമായ ഈ ജലസഞ്ചാരം ഭൂമിയില്‍ ജല സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു. ബാഷ്പീകരിക്കപ്പെട്ട ജലം മേഘങ്ങളായി രൂപംകൊള്ളുകയും മഴയും മഞ്ഞുമായി ഭൂമിയില്‍ പതിക്കുകയും ചെയ്യുന്നു. ഇവയില്‍ കൂടുതലും വീണ്ടും നദികളിലൂടെയും മറ്റും കടലിലെത്തുന്നു. തടാകങ്ങളിലും നദികളിലുമുള്ള ജലവും ബാഷ്പീകരണം വഴി അന്തരീക്ഷത്തിലെത്തി മേഘങ്ങളായി മാറുന്നു. ഇങ്ങനെ ഭൂമിയില്‍ ജലചക്രം സന്തുലിതത്വത്തോടെ നിലനില്‍ക്കുന്നു.
ഒരു ജല തന്മാത്രയില്‍ ഹൈഡ്രജന്‍െറ രണ്ട് ആറ്റങ്ങളും ഓക്സിജന്‍െറ ഒരു ആറ്റവുമാണുള്ളത്. ഇതിനെ സൂചിപ്പിക്കാനാണ് രസതന്ത്രത്തിലെ H2O എന്ന സംജ്ഞ. ജലത്തിന്‍െറ തന്മാത്രാ ഭാരം 18 ആണ്. ഉയര്‍ന്ന പ്രതലബലമാണ് ജലത്തിനുള്ളത്. ഒരു ജലതന്മാത്രയിലെ പോസ്റ്റിവ് ചാര്‍ജുള്ള ഹൈഡ്രജന്‍ ആറ്റവും നെഗറ്റിവ് ചാര്‍ജുള്ള ഓക്സിജന്‍ ആറ്റവും ശക്തമായ ബന്ധം ഉണ്ടാക്കുന്നു. ഇങ്ങനെ കുറെ തന്മാത്രകള്‍ കൂടിച്ചേരുമ്പോള്‍ ഗോളങ്ങള്‍പോലെ തോന്നിക്കും. ഇവ കൂടിച്ചേര്‍ന്ന് ഗോളാകൃതിയിലുള്ള വെള്ളത്തുള്ളികള്‍ രൂപപ്പെടുന്നു. ഭൂമിയുടെ ആകര്‍ഷണശക്തിമൂലം ഇവ താഴോട്ട് പതിക്കുമ്പോള്‍ വെള്ളത്തുള്ളിയുടെ കണികാസ്വഭാവം മാറി ഗോളാകൃതിക്ക് മാറ്റം വരുന്നു.
ഭൂമിയിലെ മൂന്നില്‍രണ്ട് ഭാഗവും വെള്ളമാണ്. ആകെ വെള്ളത്തിന്‍െറ 97.5 ശതമാനവും ഉപ്പുവെള്ളമാണ്. ബാക്കിയുള്ള 2.5 ശതമാനമാണ് ശുദ്ധജലം. ഇതില്‍ ഭൂരിഭാഗവും ധ്രുവപ്രദേശങ്ങളിലും മഞ്ഞുമലകളിലുമായി കിടക്കുകയാണ്. ആകെ വെള്ളത്തിന്‍െറ അര ശതമാനം വെള്ളം മാത്രമേ നമുക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ശുദ്ധജലമുള്ളൂ. ഇവ തണ്ണീര്‍ത്തടങ്ങള്‍, പുഴകള്‍, കുളങ്ങള്‍, കിണറുകള്‍, നദികള്‍ എന്നിവിടങ്ങളിലായി കിടക്കുന്നു. പ്രകൃതി സ്വരൂപിച്ച് കൂട്ടിവെച്ചിട്ടുള്ള വെള്ളത്തിന്‍െറ കരുതല്‍ ശേഖരമാണ് ഭൂഗര്‍ഭജലം.
മനുഷ്യന്‍െറ സാംസ്കാരിക നാഗരിക ചരിത്രവും നദികളുമായി ബന്ധപ്പെട്ടാണ്. ജലസമൃദ്ധിയുള്ള നദീതടങ്ങളിലാണ് മനുഷ്യസംസ്കാരം രൂപപ്പെട്ടതും വളര്‍ന്നതും. ജലം സംസ്കാരത്തിന്‍െറ തൊട്ടിലാണ് എന്നു പറയുന്നത് അതിനാലാണ്. സിന്ധു നദീതടത്തിലെ ഇന്ത്യന്‍ സംസ്കാരം, ഹൊയാങ്ഹോ, യാങ്സീ നദിക്കരയിലെ ചൈനീസ് സംസ്കാരം, യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടത്തിലെ പേര്‍ഷ്യന്‍ സംസ്കാരം, മിസിസിപ്പി-മിസൗറി നദീതടത്തിലെ അമേരിക്കന്‍ സംസ്കാരം, നൈല്‍ നദീതടത്തിലെ ഈജിപ്ഷ്യന്‍ സംസ്കാരം എന്നിവ ഉദാഹരണങ്ങളാണ്.
വെള്ളമില്ലാതാവുന്ന ലോകം
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ലോകത്ത് ജലത്തെപ്പറ്റി നടന്നിട്ടുള്ള പഠനങ്ങളും നിരീക്ഷണങ്ങളും വിനാശത്തിന്‍െറ സന്ദേശമാണ് നമുക്ക് നല്‍കുന്നത്.
ജലം ഒരപൂര്‍വ വസ്തുവാകുന്ന ഭയാനകമായ സ്ഥിതിയിലേക്ക് ലോകം നടന്നടുത്തുകൊണ്ടിരിക്കുകയാണ്. 2002ല്‍ ജലത്തിന്‍െറ ആഗോള പ്രതിശീര്‍ഷ ലഭ്യത 3500 ഘനമീറ്ററായിരുന്നു. ഓരോ വര്‍ഷവും അഞ്ചു ശതമാനം കണ്ട് ഇത് കുറഞ്ഞുവരുന്നു. 500 ഘനമീറ്ററില്‍ ലഭ്യത കുറഞ്ഞാല്‍ ജീവിതം അസാധ്യമാകും. യുനൈറ്റഡ് നാഷന്‍സ് എന്‍വയണ്‍മെന്‍റ് പ്രോഗ്രാം (യു.എന്‍.ഇ.പി) മുന്നറിയിപ്പ് നല്‍കുന്നത് മാനവരാശി അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നം ഒന്നാമത്തേത് ജലദൗര്‍ലഭ്യവും രണ്ടാമത്തേത് ആഗോളതാപനവുമാണെന്നാണ്. ലഭ്യമാവുന്ന ശുദ്ധജലത്തിന്‍െറ അളവ് 20 കൊല്ലംകൊണ്ട് മൂന്നിലൊന്നായി ചുരുങ്ങുകയും ഉപഭോഗം ഇരട്ടിയാവുകയും ചെയ്യുന്നു.
10 വര്‍ഷംമുമ്പ് ജലക്ഷാമത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയാതിരുന്ന പല രാജ്യങ്ങളിലും ഇപ്പോള്‍ രൂക്ഷമായ ജലക്ഷാമമുണ്ട്. 2025ല്‍ ലോകത്തിലെ 500 കോടി മനുഷ്യര്‍ നഗരവാസികളായി മാറുമ്പോള്‍ വര്‍ധിച്ച ജലത്തിന്‍െറ ആവശ്യകത എങ്ങനെ പരിഹരിക്കുമെന്ന് ആര്‍ക്കുമറിയില്ല. ഇപ്പോള്‍തന്നെ ലോകജനസംഖ്യയുടെ 40 ശതമാനം താമസിക്കുന്ന 80 രാജ്യങ്ങള്‍ ശുദ്ധജലക്ഷാമം നേരിടുന്നു. ലോകത്തിലെ ആദ്യ 15 ജലകമ്മി രാജ്യങ്ങളില്‍ പത്തും ഏഷ്യയിലാണ്. തണ്ണീര്‍ത്തടങ്ങള്‍, പാടങ്ങള്‍, ചതുപ്പുനിലങ്ങള്‍, കുളങ്ങള്‍ തുടങ്ങിയ ജലസ്രോതസ്സുകളെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നിരവധി റഷ്യന്‍-ആര്‍ട്ടിക്-കനേഡിയന്‍ നദികള്‍ നാശത്തിന് വിധേയമായതായി അമേരിക്കന്‍ മെറ്റീരിയോളജിക്കല്‍ സൊസൈറ്റീസ് ജേണല്‍ ഓഫ് കൈ്ളമറ്റ് പറയുന്നു.
2015ഓടുകൂടി എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം എന്ന ഐക്യരാഷ്ട്രസഭയുടെ സഹസ്രാബ്ദ വികസന ലക്ഷ്യം 50ലധികം രാജ്യങ്ങള്‍ക്ക് ഇന്നത്തെ നിലയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് പഠനങ്ങള്‍ പറയുന്നു. തണ്ണീര്‍ത്തടങ്ങളും വനങ്ങളും ലോകത്ത് പകുതിയിലധികം നശിച്ചുകഴിഞ്ഞതായി വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. നാസയുടെ ഉപഗ്രഹ പഠനമനുസരിച്ച് ഭൂഗര്‍ഭ ജലനിരപ്പ് ആഗോള വ്യാപകമായിത്തന്നെ അപകടകരമായ രീതിയില്‍ താഴ്ന്നുകൊണ്ടിരിക്കുകയാണ്.
ജലമലിനീകരണം (Water pollution)
ഏതെങ്കിലും അന്യപദാര്‍ഥങ്ങള്‍ ശുദ്ധജലത്തില്‍ കലരുമ്പോഴാണ് അത് മലിനമാകുന്നത്. Pollute എന്ന വാക്കിന്‍െറ അര്‍ഥം മലിനപ്പെടുക, നൈര്‍മല്യമോ വിശുദ്ധിയോ നശിപ്പിക്കുക എന്നെല്ലാമാണ്. വെള്ളം സ്വാഭാവികാവസ്ഥയില്‍ എന്തെല്ലാം ആവശ്യങ്ങള്‍ക്ക് ഉതകുമോ അവക്ക് പറ്റാത്തവിധത്തില്‍ അതിന്‍െറ ഭൗതികപരവും രാസപരവും ജൈവപരവുമായ സവിശേഷതകളില്‍ വരുന്ന മാറ്റമാണ് ജലമലിനീകരണം. ലോകത്ത് 80 ശതമാനം ജലവും മലിനപ്പെട്ടതായി ഇക്കോളജിക്കല്‍ സയന്‍സിന്‍െറ പഠനം പറയുന്നു. ജലം ഒരു സാര്‍വലായകമായതിനാല്‍ പെട്ടെന്ന് മലിനമാകുന്നു. ഒരു ഭാഗത്ത് ജലം ശുഷ്കിച്ചുവരുമ്പോള്‍ ജലസ്രോതസ്സുകള്‍ മലിനമാകുന്നത് ഏറ്റവും വലിയ ഭീഷണിയാണ്. മണ്ണൊലിപ്പ്, ഡിറ്റര്‍ജന്‍റുകള്‍, രാസവളം, കീടനാശിനി, വിസര്‍ജ്യങ്ങള്‍, വ്യവസായിക-ഗാര്‍ഹിക മാലിന്യങ്ങള്‍, ഖര-രാസ മാലിന്യങ്ങള്‍, പ്ളാസ്റ്റിക്, ഇലക്ട്രോണിക്സ് മാലിന്യങ്ങള്‍, ആണവ-ലോഹ മാലിന്യങ്ങള്‍, ജീവികളുടെ ശവങ്ങള്‍ ഇവയെല്ലാം ജലത്തെ മലിനമാക്കുന്നു.
ദരിദ്രരാജ്യങ്ങള്‍ സാംക്രമിക രോഗങ്ങളുടെ പിടിയിലമരുന്നതിന്‍െറ  മുഖ്യകാരണം ശുദ്ധജല ദൗര്‍ലഭ്യമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം അഞ്ചു കോടിയോളം പേര്‍ ജലജന്യരോഗങ്ങളാല്‍ മരണപ്പെടുന്നു. യുനിസെഫിന്‍െറ മറ്റൊരു കണക്കനുസരിച്ച്  മലിനജലം ഉപയോഗിക്കേണ്ടിവരുന്നതുമൂലം 16 ലക്ഷം കുട്ടികളാണ് പ്രതിവര്‍ഷം മരണപ്പെടുന്നത്. യുദ്ധങ്ങള്‍ ഉള്‍പ്പെടെയുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരേക്കാള്‍ കൂടുതല്‍പേര്‍ മലിനജലം ഉപയോഗിക്കേണ്ടിവരുന്നതുമൂലം മരണപ്പെടുന്നതായി ഐക്യരാഷ്ട്രസഭയുടെ പാരിസ്ഥിതിക പരിപാടി റിപ്പോര്‍ട്ട് പറയുന്നു.
ഭൂഗര്‍ഭജലംപോലും നൈട്രേറ്റുകളാല്‍ വലിയതോതില്‍ മലിനപ്പെടുന്നതായി സമീപകാല പഠനങ്ങള്‍ പറയുന്നു. ഔദ്യാഗിക രേഖകളനുസരിച്ചുതന്നെ ഇന്ത്യയിലെ രണ്ടു ലക്ഷത്തിലധികം ഗ്രാമീണ വീടുകളില്‍ മാലിന്യം കലര്‍ന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. നമ്മുടെ രാജ്യത്ത് 1974ല്‍ ജലമലിനീകരണ നിരോധ നിയന്ത്രണ നിയമം നിലവില്‍വന്നതോടെ ജലം മലിനപ്പെടുത്തുന്നത് കുറ്റകരമാണ്.
നമുക്കെന്ത് ചെയ്യാനാവും?
പലതിനും പകരംവെക്കാവുന്ന വസ്തുക്കളുണ്ട്. എന്നാല്‍, ജലത്തിനു പകരം ജലം മാത്രമേയുള്ളൂ. അത് ഓരോ തുള്ളിയും അമൂല്യമാണ്. നാം പാഴാക്കുന്ന ഓരോ തുള്ളിയും മറ്റുള്ളവരുടെ ദാഹജലം ലഭിക്കാനുള്ള അവകാശത്തിന്‍െറ നിഷേധമാണ്.
* ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് ഒറ്റക്കും കൂട്ടായും ശാസ്ത്രീയമായ പദ്ധതികള്‍ നടപ്പാക്കുക.
* ജലസംരക്ഷണത്തിന് മറ്റുള്ളവരെ ബോധവത്കരിക്കുക.
* പറമ്പില്‍ ചെറുതും വലുതുമായ മഴക്കുഴികള്‍ നിര്‍മിക്കുക.
* മഴവെള്ള ശേഖരണം കാര്യക്ഷമമാക്കുക.
* പാടശേഖരങ്ങള്‍ മണ്ണിട്ടുനികത്താതിരിക്കുക.
* പൊതു ഇടങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുക.
* ജലം പാഴായിപ്പോകാന്‍ ഒരു കാരണവശാലും അനുവദിക്കാതിരിക്കുക.
* നിലവിലുള്ള ജലസമ്പത്ത് സംരക്ഷിച്ച് മിതമായി ഉപയോഗിക്കുക.
* പൊതുകിണറുകളും കുളങ്ങളും വൃത്തിയായി ഉപയോഗിക്കുക.
* തടയണകളും നീര്‍ക്കുഴികളുമൊരുക്കി മഴവെള്ളത്തിന് മണ്ണിലിറങ്ങാന്‍ വഴിയൊരുക്കുക.
* കുഴല്‍ക്കിണര്‍ കുഴിക്കാതിരിക്കുക.
* വനവത്കരaണം, തടയണ നിര്‍മാണം എന്നിവ കാര്യക്ഷമമായി നടപ്പാക്കുക.
* കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെയും റോഡുകളുടെയും ആധിക്യം കുറക്കുക.
* പറമ്പുകളിലും പൊതു ഇടങ്ങളിലും മരങ്ങള്‍ നടുകയും സംരക്ഷിക്കുകയും ചെയ്യുക.
* അശ്രദ്ധമായി ടാപ്പുകള്‍ തുറന്നിടാതിരിക്കുക. ഉപയോഗിച്ചശേഷം പൂര്‍ണമായി അടക്കുക.
* ടാപ്പില്‍നിന്ന് നേരിട്ട് എടുക്കാതെ പാത്രത്തില്‍ ശേഖരിച്ച ശേഷം ഉപയോഗിക്കുക.
* സാധിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഒരിക്കല്‍ ഉപയോഗിച്ച ജലം വീണ്ടും ഉപയോഗിക്കുക. (ഉദാ. അടുക്കളയില്‍ പാത്രം കഴുകിയ വെള്ളം ചെടികള്‍ നനക്കാന്‍ ഉപയോഗിക്കുക).
* മാലിന്യങ്ങള്‍ ജലസ്രോതസ്സുകളില്‍ നിക്ഷേപിക്കാതിരിക്കുക.
* ജലം പങ്കിടുന്ന കാര്യത്തില്‍ സാഹോദര്യം, തുല്യത, നീതി എന്നിവ പുലര്‍ത്തുക.


Subscribe to കിളിചെപ്പ് by Email
Share it:

Water

ജലം

Post A Comment:

0 comments: