ശീലമാകട്ടെ പുഞ്ചിരി

Share it:
ആരെങ്കിലും നമ്മെ ആ നോക്കി പുഞ്ചിരിച്ചാൽ എന്തു സുഖമാണ് നമുക്കു തോന്നുക! അതു പോലെ നമ്മൾ പുഞ്ചിരിച്ചാൽ അവർക്കും തോന്നും സുഖവും സന്തോഷവും. പക്ഷേ, ഒന്നു പുഞ്ചിരിക്കാൻ പലർക്കും മടി. പുഞ്ചിരിക്ക് ഒരു ചെലവുമില്ല. മറ്റുള്ളവർക്കു സന്തോഷം പകർന്നു പുഞ്ചിരിക്കാൻ മടിക്കേണ്ട.

പുഞ്ചിരിയുടെ ശക്തി നാം പലപ്പോഴും ഓർക്കാറില്ല. ആരെങ്കിലും സഹായം ചെയ്തതുതന്നാൽ ചെറുപുഞ്ചിരിയോടെ നന്ദി പറഞ്ഞു നോക്കു. അവരുടെ മുഖം വികസി ക്കുന്നതു കാണാം. പക്ഷേ, നന്ദി പറയാൻ പലരും മറക്കും. കാര്യം സാധിച്ചുകഴിഞ്ഞാൽ സഹായിച്ചയാളെ ഓർക്കില്ല. അതു വേണ്ട. സഹായം ചെറുതാണെങ്കിലും നല്ല മനസ്സോടെ പുഞ്ചിരിച്ചു നന്ദി പറയുക. ആനന്ദത്തിന്റെ അന്തരീക്ഷമുണ്ടാകും. നല്ല പെരുമാറ്റമുണ്ടെങ്കിൽ അന്യർക്കും സന്തോഷമാവും. പ്ലീസ് താങ്ക് യു എന്നിവ പറയാൻ മറക്കേണ്ട.

നമ്മളൊക്കെ ചിലപ്പോൾ പിണങ്ങും. പിണങ്ങി വീർത്ത മുഖവുമായിരിക്കുന്ന കൂട്ടുകാരിയുടെ മുഖത്തു സൂക്ഷിച്ചു നോക്കി സന്തോഷത്തോടെ പുഞ്ചിരിച്ചു നോക്കു. അവളും അറിയാതെ പുഞ്ചിരിച്ചു പോകും. പിണക്കം ആവിയാകുകയും ചെയ്യും. ഒരു ചെലവുമില്ലാത്ത പുഞ്ചിരിചികിത്സ.
ചിലർ പറയും, എല്ലാം നേരേയാക്കുന്ന ചെറിയ വളവാണ് പുഞ്ചിരി എന്ന് ചുണ്ടു വളയ്ക്കാതെ ചിരിക്കാനാവില്ലല്ലോ. പരിചയമില്ലാത്തവരെ നേരിടേണ്ടി വരുമ്പോഴും നമ്മുടെ മുഖത്തു പുഞ്ചിരിയുണ്ടെങ്കിൽ, നമ്മൾ സ്നേഹമുള്ളവരാണ്, കാരുണ്യമുള്ളവരാണ്. നമ്മോട് ഇടപെടുന്നതു സുഖമാണ് എന്ന് അവർക്കു തോന്നും. ഏതു ഭാഷക്കാരായാലും പുഞ്ചിരിക്കുന്നത് ഒരുപോലെ തന്നെ.

പണ്ടൊരിക്കൽ ഞങ്ങൾ മൂന്നു പേർ ഒരു റഷ്യൻ കപ്പൽ കാണാൻ പോയി. ജീവനക്കാരൻ വളരെ കഷ്ടപ്പെട്ട എൻജിൻമുറിയുൾപ്പെടെ എല്ലാം ഭംഗിയായി കാണിച്ചു തന്നു. മുഴുവൻ ആംഗ്യഭാഷയിൽ, അയാൾക്കു റഷ്യനല്ലാതെ ഒരു ഭാഷയും വശമില്ല. ഞങ്ങൾക്ക് ആ ഭാഷയിലെ ഒരു വാക്കു പോലും അറിയാനും വയ്യ. ഒടുവിൽ പിരിയാറായി. അയാ ളോടു നന്ദി പറയണം. എങ്ങനെ പറയും? ഞങ്ങൾ തീരുമാനിച്ചു. മൂവരും ചേർന്ന് അതിമധുരമായി പുഞ്ചിരിക്കാം. പുഞ്ചിരിച്ചു. ആ റഷ്യക്കാരന്റെ മുഖത്തെ പ്രസാദം ഒരിക്കലും മറക്കില്ല. ഒന്നും ആലോചിക്കാതെ അയാൾ പെട്ടെന്നു തോളിൽ കൈയിട്ടു ഞങ്ങളെ ചേർത്തുപിടിച്ച പുഞ്ചിരിയോടെ യാത്രയാക്കി.

മിക്കവർക്കും പൊതുവേ ദുർമുഖമാണ്. ഇതു മറ്റുള്ളവരെ  അകറ്റും എപ്പോഴും ആർക്കും സന്തോഷമായിരിക്കില്ല. ചിലപ്പോൾ പ്രയാസമോ വേദനയോ കാണും. അതുകൊണ്ട് വലിയ ഗൗരവം കാട്ടണോ? ഗൗരവം കൊണ്ട് ഒരു ഗുണവുമില്ല. തെല്ലും നർമ്മവും ഇടയ്ക്കു ചെറുപുഞ്ചിരിയുമായാൽ മനഃപ്രയാസം അൽപം കുറയും. സന്തോഷമുണ്ടെങ്കിൽ പുഞ്ചിരി വരും. തിരിച്ചു പുഞ്ചിരിയിൽ നിന്നു സന്തോഷവും വരും. വലിയ വിസ്മയമാണു പുഞ്ചിരി.

ഒരാൾ ഗൗരവത്തോടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നെന്നു വിചാരിക്കുക. അയാളോടു നമുക്ക് ഒരു കാര്യം പറയുകയും വേണം. എന്തു ചെയ്യും? അയാൾ പെട്ടെന്നു ഫോൺ നിറുത്തി മുഖത്തു നോക്കി പുഞ്ചിരിച്ചാലോ, വന്ന കാര്യം പറയാൻ നമുക്ക് ആത്മവിശ്വാസമായി അല്ലേ..?

രാവിലെ ആദ്യം കണ്ണാടി നോക്കുന്നതു പുഞ്ചിരിച്ചു കൊണ്ടാവട്ടെ. നിങ്ങളെ നോക്കി നിങ്ങൾ തന്നെ പുഞ്ചിരിക്കുന്ന ചിത്രം. സന്തോഷത്തോടെ ദിവസം തുടങ്ങാൻ എളുപ്പം. നമ്മുടെ പെരുമാറ്റം സന്തോഷത്തോടെയായാൽ മറ്റുള്ളവരും സന്തോഷത്തോടെ ഇങ്ങോട്ടും പെരുമാറും. ആകെ നല്ല ദിവസം കൈവരും. അച്ഛനമ്മമാരിൽ നിന്നു നമ്മൾ പുഞ്ചിരിക്കാൻ പഠിക്കുന്നു. ഇടയ്ക്ക് അവരെ നോക്കി പുഞ്ചിരിച്ചു നോക്കു. അവർ തിരിച്ചു സന്തോഷിച്ചു ചിരിക്കും. മറ്റുള്ളവർക്കു പുഞ്ചിരിക്കാനും അവസരമുണ്ടാക്കാം. കോപവും കലഹവും കൊണ്ടല്ല. സ്നേഹവും പുഞ്ചിരിയും കൊണ്ട്. സ്നേഹം പകർന്നും പുഞ്ചിരി പകർന്നും പുതിയ കുട്ടുകാരോടു ചേരാം. പുഞ്ചിരിക്കുന്ന ശീലം തുടരാം. അവരും പുഞ്ചിരിക്കട്ടെ.

കടപ്പാട്:- ബി.എസ്. വാരിയർ
Share it:

B.S.Warrier

Post A Comment:

0 comments: