തകഴി (Thakazhi Assignment)

Share it:
മലയാള സാഹിത്യത്തിന്റെ മഹത്ത്വം വിശ്വസാഹിത്യത്തിന്റെ പടിവാതിൽക്കൽ എത്തിച്ചവരിൽ പ്രമുഖനാണ് തകഴി താൻ ജനിച്ചുവളർന്ന കുട്ടനാടും അവിടുത്തെ കർഷകത്തൊഴിലാളികളും സാധാരണ മനുഷ്യരുമായിരുന്നു. പശ്ചാത്തലവും കഥാപാത്രങ്ങളും. ആലപ്പുഴ ജില്ലയിലെ തോട്ടിത്തൊഴിലാളികളുടെ കഥപറയുന്ന തോട്ടിയുടെ മകൻ, അധ്വാനശീലരും അതേസമയം ജന്മിമാരുടെ അടിമകളുമായ കുട്ടനാടൻ കർഷകത്തൊഴിലാളികളുടെ ജീവിത കഥ പറയുന്ന രണ്ടിടങ്ങഴി, പുറക്കാട് തൃക്കുന്നപ്പുഴ കടലോരത്തെ മുക്കുവരുടെ ജീവിതം വിവരിക്കുന്ന ചെമ്മീൻ, കർഷകത്തൊഴിലാളികളും കയർത്തൊഴിലാളികളുമടങ്ങിയ ആയിരത്തോളം കഥാപാത്രങ്ങളുള്ളതും ആറുതലമുറകളുടെ ജീവിതം ചിത്രീകരിക്കുന്നതുമായ തകഴിയുടെ ഏറ്റവും വലിയ നോവലായ കയർ, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ഏണിപ്പടികൾ എന്നിവ പ്രധാന കൃതികളാണ് തലയോട് ,അനുഭവങ്ങൾ പാളിച്ചകൾ, പതിതപങ്കജം, തെണ്ടിവർഗം, പെണ്ണ്, ചുക്ക്, നുരയും പതയും, ബലൂൺ എന്നിവയും തകഴിയുടെ നോവലുകളാണ്. നിരവധി ചെറുകഥകൾ എഴുതിയിട്ടുണ്ട്. ജ്ഞാനപീഠവും, പത്മഭൂഷണം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ തകഴി സ്വന്തമാക്കിയിട്ടുണ്ട്. "കുട്ടനാടിന്റെ ഇതിഹാസകാരൻ' 'കേരള മോപ്പസാങ്" എന്നീ അപരനാമങ്ങളിൽ അദ്ദേഹം അറിയപ്പെട്ടു.

രണ്ടിടങ്ങഴി
വിവാഹത്തോടു കൂടി നായ കോരൻ അച്ഛനുമായി പിണക്കത്തിലായി. പുഷ്ടവേലിൽ ഔസേപ്പ് എന്ന ജന്മിയുടെ അടുത്തു ചെന്ന് ഓണപ്പണിക്കു കൂടി. നെല്ലും പണവും കടമായി വാങ്ങിയാണ് പണിക്കാരനാവുന്നത്. ഓണപ്പണിക്കു കൂടുക എന്നു പറഞ്ഞാൽ ജന്മിയുടെ മുമ്പിൽ തൊഴിലാളി തന്റെ ജീവിതം അടിയനവു വെക്കുന്നു എന്നർഥം. അവരുടെ അത്യധ്വാനത്തിന് കിട്ടുന്ന കൂലിയാണ് രണ്ടിടങ്ങഴി നെല്ല്, അതുതന്നെ കടമായി വാങ്ങിയ പൈസയുടെ പേരിൽ ജന്മി എടുക്കുന്നു. നെല്ല് കഴിച്ചാണ് കിട്ടുക. നെല്ലിന്റെ വില പലിശയിനത്തിലാണ് കൂട്ടുന്നത്. ചിലപ്പോൾ നെല്ലിനു പകരം പണമാണ് നൽകുന്നത്. തങ്ങൾക്കെതിരെയുള്ള ചൂഷണം ബോധ്യപ്പെട്ട കോരൻ തൊഴിലാളികളെ സംഘടിപ്പിച്ചു. കോരനെ കള്ളക്കേസിൽ കുടുക്കാനായി ജന്മിയുടെ ശ്രമം, കോരൻ ഒളിവിൽ പോയി. ആ സമയത്ത് ജന്മിയുടെ മകനായ ചാക്കോ, കോരന്റെ ഭാര്യയായ ചിരുതയുടെ മാനം കവരാൻ ശ്രമിച്ചു. ഇതറിഞ്ഞ കോരൻ ചാക്കോയെ കൊന്നു തടവറയിലായി. ജയിൽ വാസം കഴിഞ്ഞ് മടങ്ങിയെത്തിയ കോരൻ ചിരുതയെയും മകനെയും സ്വീകരിക്കുന്നു. കോരന്റെ മകൻ'വെളുത്ത കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യം മുഴക്കുന്നതോടെ നോവലിന് തിരശ്ശീല വീഴുന്നു. കർഷകത്തൊഴിലാളികളുടെ ജീവിതം ശക്തമായി ആഖ്യാനം ചെയ്യുന്ന ആദ്യ മലയാള നോവലാണ് രണ്ടിടങ്ങഴിയെന്നു പറയാനാവും.

ചിരുത
രണ്ടിടങ്ങഴിയിലെ നായികയാണ്ചിരുത, കല്യാണ ദിവസം തന്നെ കോരനോടൊപ്പം വീടു വിട്ടിറങ്ങേണ്ടി വന്നു. മറ്റൊരു നാട്ടിലെത്തി കോരൻ താമസമാരംഭിച്ചപ്പോൾ ചിരുത കോരന്റെ കുടുംബിനിയായി സ്വന്തം കടമകൾ നിർവഹിച്ചു. കോരൻ കൊണ്ടുവരുന്ന അരി പാകം ചെയ്തു കഞ്ഞിയാക്കി കൂടുതൽ കോരനു നല്ലി താൻ കുറച്ചുമാത്രം കഴിച്ചു. ബാക്കി വരുന്നത് അടച്ചുവെച്ച് അടുത്ത ദിവസം രാവിലെ ഭർത്താവിനു നല്ലി ജോലിക്കയച്ചു. കുടുംബത്തിനുവേണ്ടി ചിരുതയും തന്നാലാവുംവിധം അധ്വാനിച്ചു. സമയം കിട്ടുമ്പോൾ മുറം,നെയ്യും മറ്റും കിട്ടുന്ന പൈസ കരുതി വെച്ചു. വീട്ടാവശ്യത്തിനായി ആ പൈസ ചെലവഴിച്ചു. താൻ നെയ്യു വെച്ചിരുന്ന മുറം വിറ്റിട്ടാണ് ചിരുത കോരന്റെ അച്ഛൻ വന്നപ്പോൾ അല്പം കഞ്ഞികൊടുത്തത്. ചാക്കോയുടെ മര്യാദവിട്ട പെരുമാറ്റം ഉള്ളിൽ ഒതുക്കിവെച്ചു. ഭർത്താവിനെ അറിയിച്ചാൽ അയാൾ ചാക്കോയുമായി ഏറ്റുമുട്ടും എന്നറിഞ്ഞിട്ടാണ് അങ്ങനെ ചെയ്തത്. കുടുംബസ്നേഹത്തിലും ഭർതൃസ്നേഹത്തിലും എല്ലാം മുൻപന്തിയിലാണ് ചിരുത. 'അധഃസ്ഥിതവർഗത്തിന്റെ ഇന്ദുലേഖ' എന്നാണ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ചിരുതയെ വിശേഷിപ്പിച്ചത്.

കോരൻ
പകലന്തിയോളം പണിയെടുക്കുകയും തുച്ഛമായ കൂലികൊണ്ട് അത്താഴപ്പട്ടിണി കഷ്ടിച്ചകറ്റുകയും ചെയ്യുന്ന കർഷക തൊഴിലാളിയാണ് കോരൻ. വിവാഹ ദിവസം വീട്ടുകാരോടു പിണങ്ങി വീടുവിട്ടിറങ്ങി മറുനാട്ടിലെത്തി. അവിടെ പുഷ്ടവേലിൽ ഔസേപ്പിന്റെ പണിക്കാരനായി. കോരൻ നെല്ലുകൂലിക്കു വേണ്ടി വാദിച്ചു. എന്നാൽ ഒറ്റപ്പെട്ടുപോകുമെന്നു കണ്ടപ്പോൾ കോരൻ തന്റെ വാദം ഉപേക്ഷിച്ചു. നെല്ലിനു വില കൂടിയപ്പോൾ ജന്മിമാർ രാത്രിയിൽ അത് ഒളിച്ചു കടത്താൻ തുടങ്ങി. ഇതു കണ്ട കോരന്റെ ഉള്ളിൽ പ്രതിഷേധമിരമ്പി. പ്രതിഷേധിക്കാനും തൊഴിലാളികളെ സംഘടിപ്പിക്കാനും അതിടയാക്കി. കുടുംബസ്നേഹമുള്ള വ്യക്തിയായിരുന്നു അയാൾ. ചിരുതയെ പ്രാണനുതുല്യം സ്നേഹിച്ചു. അവളുടെ മാനം കവരാൻ ചാക്കോ ശ്രമിച്ചപ്പോൾ അയാളെ കൊന്ന് ജയിലിൽ പോകാൻ കോരൻ തയ്യാറായി. തന്നോടൊപ്പം എല്ലാം ഇട്ടിറങ്ങിപ്പോരുന്ന അവൾക്കു വേണ്ടിയാണയാൾ ജീവിച്ചത്. അതുപോലെ പിണങ്ങി നിന്ന അച്ഛൻ അവശനായി തന്റെ കൂരയിലെത്തിയപ്പോൾ എല്ലാം മറന്ന് രണ്ടുകൈയും നീട്ടി സ്വീകരിച്ചു. അച്ഛന് ഒരു നേരമെങ്കിലും വയറു നിറച്ച് ചോറുകൊടുക്കണമെന്ന ആഗ്രഹമാണ് കോരനെക്കൊണ്ട് നെല്ലു കൂലിക്കു വേണ്ടി വാദിപ്പിച്ചത്. തൊഴിലിനോടുള്ള ആത്മാർഥത, കുടുംബസ്നേഹം, കൂടെ പണിയെടുക്കുന്നവരോടുള്ള സ്നേഹം, വർഗബോധം എന്നിവയുടെ പര്യായമായിരുന്നു കോരൻ

രണ്ടിടങ്ങഴിയിലെ ഭാഷ
യഥാതഥ പ്രസ്ഥാനത്തിന്റെ (റിയലിസം) വക്താവായാണ് തകഴി സാഹിത്യ രംഗത്തേക്കു കടന്നുവന്നത്. സാധാരണക്കാരൻറെ ഭാഷയാണ് തകഴി ഉപയോഗിച്ചത്.
താൻ ജനിച്ചു വളർന്ന കുട്ടനാടും പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന പ്രദേശത്തിൻറെ തനിമ നിറഞ്ഞ തനി നാടൻ മലയാളമാണ് അദ്ദേഹം പ്രയോഗിച്ചത്.
അടിയാളവർഗത്തിന്റെ വിനയവും എളിമയും കലർന്ന ഭാഷയാണ് രണ്ടിടങ്ങഴിയിൽ കാണുന്നത്. 'ഏൻ' എന്ന വിനയം കലർന്ന ഉത്തമപുരുഷ സർവനാമത്തിന്റെ ഉപയോഗം എടുത്തുപറയത്തക്കതാണ് 'വ' എന്ന അക്ഷരത്തിനു പകരം 'മ' ഉപയോഗിക്കുന്ന പദങ്ങൾ കഥയിൽ ധാരാളം ഉണ്ട്. മേണ്ട, മയറ്റില് മെള്ളം എന്നിങ്ങനെ.
തൊഴിലാളിയുടെ അധ്വാനത്തിൻറ ഫലം ജന്മി സ്വന്തമാക്കുമ്പോൾ എല്ലുമുറിയെ പണിയെടുക്കുന്ന തൊഴിലാളിക്ക് സ്വന്തമാകുന്നത് ഒട്ടിയ വയറും പട്ടിണിയും മാത്രം അവകാശങ്ങൾക്ക് വേണ്ടി വാദിക്കാൻ കരുത്തു നേടിയെടുക്കുന്ന തൊഴിലാളി വർഗത്തിന്റെ കഥകുടിയാണിത്.
അടിച്ചമർത്തപ്പെട്ട തൊഴിലാളിവർഗത്തിന്റെ ആവശ്യങ്ങൾക്കായി വാദിക്കാൻ ഈ കഥ ഊർജമായി.
തൊഴിലാളികൾക്ക് അവകാശപ്പെട്ട നെല്ല് രാത്രിയുടെ മറവിൽ വലിയ വള്ളങ്ങളിൽ ജന്മിമാരുടെ വീടുകളിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്നത് കോരൻ കാണാനിടയാകുന്നു.
ഈ കടുത്ത അനീതി കോരനെ മാറ്റി ചിന്തിപ്പിക്കുന്നു. ജന്മിയുടെ അടിമയായി പകലന്തിയോളം പണിയെടുക്കേണ്ടിവരുന്ന തൊഴിലാളികളുടെ കഥ കാരിരുമ്പിൻറെ കരുത്തുള്ള ഭാഷയിലാണ് തകഴി വിവരിക്കുന്നത്.
സംഭാഷണ ഭാഷയുടെ ചാരുത രണ്ടിടങ്ങഴിയെ മനസ്സോടടുപ്പിക്കുന്നു. സാധാരണക്കാരന്റെ ഭാഷ ഉപയോഗിക്കുന്നതിലൂടെ ഭാഷയോടും കഥയോടും കഥാപാത്രങ്ങളോടും വായനക്കാരൻ പെട്ടെന്നടുക്കുന്നു.

പ്ലാവിലക്കഞ്ഞി എന്ന ശീർഷകം 
രണ്ടിടങ്ങഴി നെല്ല് കൂലികിട്ടേണ്ട തൊഴിലാളി ഒരു പ്ലാവില കഞ്ഞിക്കുപോലും വകയില്ലാതെ പട്ടിണികിടക്കേണ്ടിവരുന്ന അവസ്ഥയാണ് ഈ ശീർഷകം സൂചിപ്പി ക്കുന്നത്.
പൈസ കൂലിയായി കിട്ടിയാൽത്തന്നെ പുറത്തുനിന്നും അരിവാങ്ങാൻ കിട്ടില്ല. കിട്ടിയാൽത്തന്നെ നല്ല വില കൊടുക്കണം. ഒടുവിൽ നല്ലവില കൊടുത്തു. വാങ്ങുന്ന അരികൊണ്ട് കഞ്ഞി തയ്യാറാക്കുന്നു. വീട്ടുമുറ്റത്തെ പ്ലാവിലയെടുത്തു കുമ്പിളുകുത്തി അതു കോരിക്കുടിച്ചു വിശപ്പടക്കുന്നു.
തൊഴിലാളി ഇങ്ങനെ പ്ലാവിലയിൽ കഞ്ഞികുടിക്കുമ്പോൾ ജന്മിയും മക്കളും വെള്ളിക്കരണ്ടിയിൽ പാൽക്കഞ്ഞി കോരിക്കുടിക്കുകയായിരിക്കും.
അടിമകളും ഉടമകളും തമ്മിലുള്ള വ്യത്യാസം 'പ്ലാവിലക്കഞ്ഞി' എന്ന ശീർഷകം പറഞ്ഞുതരുന്നു. തൊഴിലാളികൾക്ക് നിസ്സാരമായ കൂലിനൽകുകയും കൂലിയായി തരേണ്ട നെല്ല് രഹസ്യമായി വൻ വിലയ്ക്കു മറിച്ചു വിൽക്കുകയുമാണ് ജന്മിമാർ ചെയ്യുന്നത്. പകലന്തിയോളം പണിയെടുക്കുകയും അത്താഴത്തിനു വകയില്ലാതെ പട്ടിണികിടക്കുകയും ചെയ്യുന്ന പാവപ്പെട്ട തൊഴിലാളിയുടെ ജീവിതദുഃഖത്തിന്റെയും ദാരിദ്ര്യത്തിന്റെയും പ്രതീകമാണ് 'പ്ലാവിലക്കഞ്ഞി'.

വിശദീകരിക്കേണ്ട ചില സംഭാഷണങ്ങളും സന്ദർഭങ്ങളും പരിചയപ്പെടാം. -
1. തമ്പ്രാ ഏന്നു നെല്ലുകുലി മതി, ചക്രം മേണ്ട,
ജന്മികളായ കൃഷിക്കാർ വേലക്കാർക്ക് നെല്ലാണ് കൂലി കൊടുത്തിരുന്നത്. എന്നാൽ നെല്ലിനു വിലകൂടിയപ്പോൾ അവർ അതുനിർത്തി. പൈസ കൂലി കൊടുത്തുതുടങ്ങി. ഈ പൈസയുമായി നാടുനീളെ നടന്നാലും അരികിട്ടില്ല. കോരനെ സംബന്ധിച്ച് കിട്ടുന്ന നെല്ല്,അത്താഴത്തിനാണ് വിൽക്കാനല്ല. അതിനാലാണ് അയാൾ ജന്മിയോട്,നെല്ല് കൂലിയായി തരണം എന്നാവശ്യപ്പെട്ടത്.
2. രാത്രിയുടെ കൂരിരുട്ടിൽ നടക്കുന്ന ചില വൻ വ്യാപാരങ്ങൾ കോരൻ കണ്ടു. 
കുട്ടനാട്ടിലെ പാവപ്പെട്ട കർഷകന്കൂലിയായി നെല്ലാണ് നൽകിയിരുന്നത്. എന്നാൽ നെല്ലിന് നല്ല വില കിട്ടാൻ തുടങ്ങിയപ്പോൾ ജന്മിമാർ അതു നിർത്തി പകരം പൈസ കൂലിയായി നൽകി. നെല്ല് കിട്ടിക്കൊണ്ടിരുന്നപ്പോൾ തൊഴിലാളികളുടെ വീട്ടിൽ പട്ടിണിയില്ലായിരുന്നു. പൈസയായപ്പോൾ ആ സ്ഥിതി മാറി. നാട്ടിലെങ്ങും അരി കിട്ടാതായി. ജന്മിമാർ സംഭരിക്കുന്ന നെല്ല്'രാത്രികാലങ്ങളിൽ വലിയ കെട്ടുവള്ളങ്ങളിൽ കയറ്റിക്കൊണ്ടുപോയി നഗരങ്ങളിലെ മില്ലുകളിലെത്തിച്ചു. ജന്മിമാർക്ക് നല്ല ലാഭവും കിട്ടി. കൂലിയായി കിട്ടിയ പൈസയ്ക്ക് അല്പം അരികിട്ടുമോ എന്നറിയാൻ വള്ളത്തിൽ കറങ്ങിനടന്ന കോരൻ ഈ കള്ളക്കച്ചവടം കണ്ടു. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് കോരന് പ്രേരണയായത് ഈ സംഭവമാണ്.
3. അപരാധബോധം കോരൻറ ഹൃദയത്തെ നോവി ച്ചു. വൃദ്ധനെ തകഴിയിൽ തനിച്ചിട്ടു താൻ തന്റെ സുഖം തേടി പെണ്ണമായി മറുനാട്ടിൽ പോന്നു. അതെ നൊരു അക്ഷന്തവ്യമായ അപരാധമാണ് 
ചിരുതയുമായുള്ള വിവാഹത്തോടെ കോരൻ അപ്പനുമായി പിണങ്ങി നാടുവിട്ടു. കോരനും ചിരുതയും മറുനാട്ടിലെത്തി സുഹൃത്തായ കുഞ്ഞപ്പിയുടെ കുടിലിന്റെ ഒരുവശത്ത് ഓല കുത്തിമറച്ച് താമസമാക്കി. അവിടേക്ക് അവശനായ അപ്പൻ ഒരുനാളെത്തി. അപ്പോൾ കോരൻ ചിന്തിക്കുന്നതാണിത്. അപ്പനോട് ഇങ്ങനെ ചെയ്യരുതായിരുന്നു. അപ്പനെ ഉപേക്ഷിച്ചുപോരരുതായിരുന്നു. തന്നോടൊപ്പമായിരുന്നെങ്കിൽ അപ്പന് ഇത്രയധികം അവശത വന്നു പെടുമായിരുന്നില്ല. താൻ കാണിച്ചത് ക്ഷമിക്കാൻ പറ്റാത്തത്ര (അക്ഷന്തവ്യം) വലിയ അപരാധമായി പ്പോയെന്ന് കോരൻ ചിന്തിച്ചു. ഇന്ന് വൃദ്ധജനങ്ങൾ അനുഭവിക്കുന്ന യാതനകൾ വളരെ കഠിനമാണ് കോരന്റെ ക്ഷമാപണത്തിൽ പുതിയ തലമുറയ്ക്കുള്ള ഒരു ഉപദേശംകൂടി അടങ്ങിയിട്ടുണ്ട്.
Share it:

10th

Assignment

Post A Comment:

0 comments: